Sunday, October 28, 2012

മരണം/കോമാളി

"മരണം രംഗബോധമിലാത്ത കോമാളി"-
കേട്ടു പഴകിയതെങ്കിലും
സ്വൈര്യമേകാത്തൊരു പ്രയോഗം.

മരണം:

രംഗബോധമില്ലാത്തവന്‍ തന്നെ; തീര്‍ച്ച.
ജീവിത നാടകത്തിന്‍ രംഗമറിയാതെ വന്ന്,
വെളുത്ത ചിരികളില്‍ കറുത്ത ചായം പൂശി,
തിരശീല താഴ്ത്തി കടന്നു പോകുന്നവന്‍.
നിശ്ചലതയുടെ പ്രതിരൂപം.

കോമാളി:

ചലനാത്മകത ചിരിമരുന്നാക്കിയവന്‍.
കണ്ണുനീരില്‍ പോലും നിറങ്ങള്‍ ചാലിച്ച്,
ചിരിയുടെ മാരിവില്ല് വിരിയിക്കുന്ന
മഹാമാന്ത്രികന്‍.

പിന്നെ,

മരണമെങ്ങനെ കോമാളിയാകും???