Friday, April 8, 2016

അകലം

പ്രണയം:
എനിക്കും നിനക്കുമിടയിലെ കടലകലം
ഒരു നിശ്വാസമായി ചുരുങ്ങുന്നു.   
മരണം: 
ഒരു നിശ്വാസത്തിൻറെയകലം
നമ്മുക്കിടയിലൊരു കടലായി നിറയുന്നു.

Sunday, October 28, 2012

വിട

എന്നെ നീ വിട്ടകലുമീ സായംസന്ധ്യയില്‍,
എനിക്കുള്ളില്‍ നിനക്കായി തുടിക്കു൦ ഹൃദയവും
ഹൃദയത്തിന്നറകളില്‍ നിറയും പ്രണയവും
വിങ്ങലായി ബാക്കി നില്‍ക്കെ,
നിന്‍റെ മറവിയുടെ മടിത്തട്ടില്‍ നിന്നും
മരണമെന്ന നേര് തിരഞ്ഞു ഞാന്‍ പോകുന്നു.
നീ കേള്‍ക്കാത്ത വിട ചൊല്ലി,
നിന്നെ പിരിഞ്ഞു ഞാൻ പോകുന്നു.

ജീവിതപ്പുസ്തകം

ജീവിതപുസ്തകത്താളിൽപ്പകർത്തു-
വാനിനിയുമേറെയുണ്ടെന്നാലും
തിരികെ മറിക്കട്ടെ താളുകളത്രയു൦.

മരണത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണീ-
ജ്ജീവിത൦ ജീവിച്ചു തീര്‍ക്കുവാനെനിക്കിന്ധനം.
നീണ്ട ബെല്ലിനായി കാക്കു൦ ബാല്യത്തിന്‍ വ്യഗ്രതയീ
ജീവിതക്ലാസ്സ്‌മുറി വിട്ടൊഴിയുവാന്‍..

ആവില്ലെനിക്കേതുമെഴുതി ചേര്‍ക്കുവാന്‍.
ആവില്ലെനിക്കേതും വെട്ടിത്തിരുത്തുവാൻ
കുത്തിയൊടിക്കട്ടെ ഞാനീ പേനത്തലപ്പ്,
ഏറെ നിറഞ്ഞതാണെന്‍ മഷിപ്പേനെയെങ്കിലും.





ഞാനെന്ന ഭാവം

ഞാനൊരു വെളുത്ത തുണിക്കെട്ടായി
മാറുമൊരു  നാള്‍ വരും.
കുറ്റബോധത്താല്‍ വെന്തുരുകും മിഴികളിലന്നു
ചുടു ചോര കിനിയും.
തണുത്തുറഞ്ഞോരെന്‍ പാദങ്ങള്‍ സ്പര്‍ശിക്കെ
മരവിച്ച മനസ്സിലും ബോധനിലാവുദിക്കും.
അന്നെനിക്കുള്ളില്‍ ഞാനെന്ന ഭാവം വിടരും.
മരണത്തിലൂടെ ഞാൻ  ജീവിതത്തിന്‍ നേര് തിരയും.

മരണമൊഴി

എന്‍റെ മനസ്സ്‌ ശാന്തമാണ്.
ആര്‍ത്തലക്കുന്ന തിരകളെയൊളിപ്പിക്കു-
മ ലയാഴി സമം ശാന്ത൦.

സ്വപ്നരഹിതമീ ജീവിതം
താരകളകന്ന തെളിവാനം പോലെ.
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രമായി ജീവിതം
മുന്നിലനന്തമായി  നീളവേ,
അവസാന താളും അതിദ്രുതം മറിച്ചു
ജീവിതപ്പുസ്തകം അടച്ചു വെക്കട്ടെ ഞാന്‍.
മരണത്തിന്‍ ജാലകം പതിയെ തുറന്നു
പറക്കട്ടെയൊരു പുതുബാല്യ൦ തേടി.


പുനര്‍ജ്ജനി

ഞാനാകെ മാറിയെന്നേവരുമടക്കം പറയുന്നു.
ഞാന്‍ ഞാനല്ലെന്നകമെയാരോ പുലമ്പുന്നു.
പറച്ചിലും പുലംബലുമസഹ്യമായിത്തീരവേ
ഞാനെന്ന പൊരുള്‍ തേടി ഞാനുമിറങ്ങുന്നു.

ഇന്നലകളിലെന്നോ,
ഗര്‍ഭപാത്ര-നിഗൂഡത വെടിഞ്ഞിരുള്‍ മൂടു-
മൊരൊറ്റയടി പാതയില്‍ തുടങ്ങിയതീ യാത്ര.
കണ്ണ് മഞ്ഞളിക്കുന്ന പകല്‍ വെളിച്ചത്തിൽ
പൊക്കിള്‍ക്കൊടിയറുത്ത്,
നന്ദികേടിന്‍  ഹരിശ്രീ കുറിച്ചു ഞാൻ..

പിന്നിട്ട പാതയിലെ കൂരിരുള്‍പ്പൊത്തുകളില്‍,
ഓര്‍മകളുറങ്ങുന്ന മനക്കല്ലറകളില്‍
എന്നെ ഞാനേറേ തിരയുന്നു.
വരണ്ട മനസ്സിലെ ഓര്‍മ്മച്ചാലുകളെതോ
കണ്ണീര്‍പ്പുഴയുടെ ചിത്രം വരക്കുന്നു.
ഇജ്ജന്മഗഹ്വരം വെടിഞ്ഞു ഞാനിനി
മരണത്തിന്‍ പുനര്‍ജ്ജനി നൂളട്ടെ
ഒരു പുതുപ്പിറവിയിൽ പുലരുവാൻ.


ജാതകപ്പൊരുള്‍

മരിച്ചു കൊണ്ട് ജീവിക്കുന്നവരുടെയും
മരണശേഷവും ജീവിക്കുന്നവരുടെയുമിടയില്‍
മരിക്കുവാനാകാത്തതോ ജീവിതം???
.
കടിഞ്ഞാണ്‍ കൈവിട്ട സാരഥി തരിച്ചു നില്‍ക്കെ,
ചിന്തകള്‍ മരവിച്ച കൂരിരുള്‍ പാതയിലൂടെൻ
സ്വതന്ത്രോന്മത്ത മാനസം ഭ്രാന്തമായി പായുന്നു

പ്രപഞ്ചവും,അത് തന്ന പ്രതീക്ഷകളും
ബന്ധനമാകും  ബന്ധുത്വവും
വെറും ഭ്രമങ്ങളെന്നറിയുന്ന നാള്‍ വരെ,
കാലവൃക്ഷത്തില്‍ നിന്നെൻ  പേരില
പൊഴിഞ്ഞു വീഴുന്ന നാള്‍ വരെ,
തുടരണമീ ഭ്രാന്ത പ്രയാണം.
എന്തിനെന്നറിയാതെ..ഏതിനെന്നറിയാതെ.
കാലിടറാതെ, തളരാതെ മത്സരിച്ചോടണം,
അതാകുന്നുവെന്‍ ജാതകപ്പൊരുള്‍.